ജലനിരപ്പ് ഉയര്‍ത്താന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് കേരളത്തിന്റെ ഉറച്ച നിലപാട്; തമിഴ്‌നാടിനെ വിയോജിപ്പ് അറിയിക്കും’; മോന്‍സ് ജോസഫ്

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. പ്രഖ്യാപനം ദേശീയ താത്പര്യങ്ങള്‍ക്ക് പോലും യോജിക്കാത്തതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. കേരളത്തിന്റെ വിയോജിപ്പ് തമിഴ്‌നാട് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ഇറിഗെഷന്‍ ഡിപ്പാര്‍ട്‌മെന്റ് അടിയന്തര യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പോലും നടക്കാത്ത സാഹചര്യത്തില്‍ ഈ ഒരു വിഷയത്തോട് പരിപൂര്‍ണമായും വിയോജിപ്പ് കേരളം രേഖപ്പെടുത്തുകയാണ്. കേരള ജനതയുടെ സുരക്ഷയെ കരുതി മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുക എന്നത് തന്നെയാണ് കേരളത്തിന്റെ നിലപാട്. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് നിലപാട്. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്താന്‍ ആകുമോ എന്ന് ആലോചിക്കും- മോന്‍സ് ജോസഫ് പറഞ്ഞു. സുപ്രീംകോടതി നിശ്ചയിച്ച 142 അടി മുകളിലേക്ക് പോകാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്നായിരുന്നു തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലെ പ്രഖ്യാപനം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന ടിവികെ നിലപാട് ആവര്‍ത്തിക്കുകയാണ് ബജറ്റിലൂടെ ധനമന്ത്രിയും. അറ്റകുറ്റപണികള്‍ക്ക് ശേഷം ജലനിരപ്പ് ഉയര്‍ത്താനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *